ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. കാമുകനെ ഒഴിവാക്കാന്‍ കഷായത്തില്‍ കീടനാശിന് കലര്‍ത്തി നല്കി കൊലപ്പെടുത്തി എന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. രാവിലെ തന്നെ ഗ്രീഷ്മയടക്കമുളള പ്രതികളെ കോടതിയില്‍ എത്തിച്ചിരുന്നു. കോടതിക്കുള്ളില്‍ നിർവികാരയായി നിന്നാണ് ഗ്രീഷ്മ വിധി കേട്ടത്.
വിധിയില്‍ സന്തോഷമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം പ്രതികരിച്ചു. ശിക്ഷാ വിധിയില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമവാദം വിശദമായി കേട്ട ശേഷമാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന് മുന്നോട്ടു വച്ചിരിക്കുന്നത്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്.കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും അന്തിമവാദത്തില്‍ പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു.
തുടര്‍ പഠനം പ്രായം തുടങ്ങിയവ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കിടപ്പറ ദൃശ്യം പകര്‍ത്തി ഷാരോണ്‍ ഭീഷണിപ്പെടുത്തി. ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും തയാറായില്ല. തുടങ്ങിയ കാര്യങ്ങളാണ് പ്രതിഭാഗം കോടതിയുടെ മുന്നില്‍ വച്ചത്. എന്നാൽ കോടതി ഇതൊന്നും പരിഗണിക്കാതെയാണ് പരമാവധി ശിക്ഷവിധിച്ചത്.
2022 ഒക്ടോബര്‍ 14 നാണ് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. സൈനികനുമായി വിവാഹം ഉറപ്പിച്ചതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ നീക്കം നടത്തിയത്.വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു.
വധശിക്ഷ നല്‍കുക മാത്രമല്ല, എന്തുകൊണ്ട് ശിക്ഷ എന്ന് വിശദമാക്കിയാണ് വിധി പ്രസ്താവം ഉണ്ടായിരിക്കുന്നത്. എട്ടുമാസത്തിനിടെ നാലാമത്തെ പ്രതിക്കാണ് സെഷന്‍സ് കോടതി ജഡ്ജി എഎം ബഷീര്‍ വധശിക്ഷ എന്ന പരമാവധി ശിക്ഷ വിധിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മേയില്‍ വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലാണ് ഇതിന് മുൻപ് വധശിക്ഷ വിധിച്ചത്. വയോധികയെ കൊന്ന് ചാക്കില്‍ കെട്ടി തട്ടിന്‍പുറത്ത് ഉപേക്ഷിച്ച് സ്വര്‍ണ്ണവുമായി മുങ്ങിയ റഫീഖാ ബീവി, കൂട്ടുപ്രതികളായ അല്‍ അമീന്, മൂന്നാം പ്രതി റഫീക്ക ബീവിയുടെ മകന് ഷെഫീക്ക് എന്നിവര്‍ക്കാണ് അന്ന് വധശിക്ഷ കിട്ടിയത്. ഇപ്പോള്‍ ഗ്രീഷ്മയ്ക്കും വധശിക്ഷ വന്നതോടെ കേരളത്തില്‍ തൂക്കുകയർ കാത്ത് കിടക്കുന്ന രണ്ട് സ്ത്രീകള്‍ക്കും അത് വിധിച്ചത് ഒരേ ജഡ്ജിയാണെന്ന പ്രത്യേകതയായി.
