No menu items!
Homeദേശീയ വാർത്തകൾപാസ്റ്ററുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഗ്രാമവാസികള്‍: ഇടപെട്ട് സുപ്രീംകോടതി

പാസ്റ്ററുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഗ്രാമവാസികള്‍: ഇടപെട്ട് സുപ്രീംകോടതി

ഛത്തിസ്ഗഡില്‍ ക്രിസ്ത്യന്‍ പാസ്റ്ററുടെ മൃതദ്ദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. ഗ്രാമവാസികളും ഹിന്ദുത്വ സംഘടനകളുമാണ് അനുമതി നിഷേധിച്ചത്. പാസ്റ്റര്‍ സുഭാഷ് ഭാഗേലിന്റെ മൃതദേഹത്തോടാണ് ഈ ക്രൂരത. മൃതദേഹം 12 ദിവസമായി മോര്‍ച്ചറിയിലാണ്. ഇതോടെ സുഭാഷ് ഭാഗേലിന്റെ മകന്‍ രമേശ് ഭാഗേല്‍ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയതക്കെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി.

മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാത്ത നടപടിയില്‍ ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും സതീഷ്ചന്ദ്ര ശര്‍മ്മയും അടങ്ങിയ ബെഞ്ച് നടുക്കം പ്രകടിപ്പിച്ചു. മകന്റെ ഹര്‍ജി തള്ളിയ ഛത്തീസ്ഗഡ് ഹൈക്കോടതി പോലും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിള്‍പ്പെട്ട ചിന്ദ്‌വാഡ ഗ്രാമത്തിലാണ് സംഭവം. ഈ മാസം ഏഴിനാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സുഭാഷ് വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതനായത്. പൊതുശ്മശാനത്തില്‍ ക്രിസ്ത്യാനിയുടെ മൃതദേഹം അടക്കം ചെയ്യാനും അന്ത്യകര്‍മങ്ങള്‍ നടത്താനും അനുവദിക്കില്ലെന്ന് ഒരു വിഭാഗം ഗ്രാമീണര്‍ ഭീഷണിമുഴക്കിയതോടെയാണ് മകന്‍ പോലിസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്.

ഗ്രാമത്തിലെ ക്രമസമാധാന നില തകരാറിലാക്കാനാവില്ലെന്നും, സുഭാഷ് ഭാഗേലിന്റെ ഗ്രാമത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തില്‍ ക്രിസ്ത്യന്‍ വിഭാഗക്കാരുടെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കണം എന്നുമായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് രമേശ് സുപ്രിംകോടതിയെ സമീപിച്ചത്. മൂന്ന് തലമുറയായി തന്റെ കുടുംബം ക്രൈസ്തവ വിശ്വാസത്തിലാണെന്നും രമേശ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മതപരമായ വിവേചനത്തിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ് സംഭവമെന്ന് രമേശിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഛത്തീസ്ഗഡ് പഞ്ചായത്ത് പ്രൊവിഷന്‍ ചട്ടം 2021ല്‍ രൂപീകരിച്ചതിന് ശേഷം ബസ്തര്‍ ജില്ലയില്‍ ഇത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനുവരി ഏഴിനാണ് സുഭാഷ് ഭാഗേല്‍ പ്രായാധിക്യം മൂലം മരിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാന്‍ കുടുംബവും ബന്ധുക്കളും തീരുമാനിച്ചു. ഇത് അറിഞ്ഞ ഒരു വിഭാഗം ഗ്രാമീണര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇതോടെ മൃതദേഹവുമായി കുടുംബം വീട്ടിലേക്ക് പോയി. വീട്ടില്‍ കുഴികുത്തി സംസ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇതിനേയും ഒരു വിഭാഗം ഗ്രാമീണര്‍ എതിര്‍ത്തു. ഗ്രാമത്തില്‍ ക്രിസ്ത്യാനിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. ഇവര്‍ കുടുംബത്തെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായി

ഇതോടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. പക്ഷേ, മൃതദേഹം എത്രയും വേഗം ഗ്രാമത്തിന് പുറത്തുകൊണ്ടുപോവണമെന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചാല്‍ കേസെടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments