ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ ഭേദഗതിയില്ലെന്നും കർഷകരുടെ ആശങ്കകൾ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കർഷകർക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പിലാക്കില്ല. നിയമം മനുഷ്യനുവേണ്ടിയാണ്. വനവും സംരക്ഷിക്കപ്പെടണം. വന്യ ജീവി ആക്രമണത്തിനെതിരായ നടപടിക്ക് തടസ്സം കേന്ദ്ര നിയമമാണ്. സംസ്ഥാനത്തിന് നിയമം ഭേദഗതി ചെയ്യാനാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വനനിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് സർക്കാർ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുന്നത്. വന നിയമ ഭേദഗതിയിൽ സർക്കാരിന് വാശിയില്ലെന്നും നിയമഭേദഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2013ലാണ് 1961ലെ വന നിയമത്തിൽ ഭേദഗതി തുടങ്ങിയത്. യുഡിഎഫിന്റെ ഭരണകാലത്തായിരുന്നു അത്. ജനസാന്ദ്രതയും ഭൂമിശാസ്ത്ര രീതികളും കണക്കിലെടുത്ത് ആകണം എല്ലാ നിയമങ്ങളും നടപ്പാക്കേണ്ടത്. അതേസമയം വനം സംരക്ഷിക്കപ്പെടണമെന്നും ജനങ്ങളെ ആശങ്കയിലാക്കുന്ന ഒരു ഭേദഗതിയും സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
