ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് താത്കാലിക വിരാമം. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന്് സമാധാന ശ്രമങ്ങളിലെ പ്രധാന മധ്യസ്ഥരായ ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ത്താനി സ്ഥിരീകരിച്ചു.
യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്.
യു.എസ്. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ അഞ്ചുദിവസംമാത്രം ബാക്കിയുള്ളപ്പോഴാണിത്. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചു. ഇസ്രയേല്‍ മന്ത്രിസഭയില്‍ ഇതിനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് കരുതുന്നു.
അതേസമയം, കരാറിലെ ചില നിര്‍ദേശങ്ങളില്‍ അന്തിമ സമവായത്തിലെത്തിയിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്നലെ (ബുധനാഴ്ച) രാത്രി അറിയിച്ചു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നുകയറി 1139 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് യുദ്ധം തുടങ്ങിയത്. ബന്ദികളില്‍ 105 പേരെ 2023 നവംബറില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍സമയത്ത് മോചിപ്പിച്ചിരുന്നു. പകരമായി ഇസ്രയേലില്‍ തടവിലുണ്ടായിരുന്ന 240 പലസ്തീന്‍കാരെ മോചിപ്പിച്ചിരുന്നു. ബന്ദികളില്‍ 94 പേരെ ഇനിയും വിട്ടുകിട്ടാനുണ്ട് അവരില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇസ്രയേല്‍ പറയുന്നത്.
